ബംഗളുരു: ഹൈദരാബാദിലെ കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം. നിരവധി പേർ മരിച്ചു. തീ പടര്‍ന്നതോടെ 12 പേർ ജനാലകള്‍ തകര്‍ത്ത് ചാടി രക്ഷപ്പെട്ടു. ബംഗളുരു - ഹൈദരാബാദ് ദേശീയപാതയിൽ കർണൂൽ നഗരത്തിൽനിന്ന് 20 കിലോമീറ്റര്‍ അകലെ ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം ഇന്ന് പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്.
ഹൈദരാബാദിൽനിന്ന് ബംഗളുരുവിലേക്ക് വന്ന കാവേരി ട്രാവൽസ് എന്ന വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്. തീപിടിച്ച് മിനിട്ടുകൾക്കകം ബസ് പൂർണമായും കത്തിനശിച്ചു. എൻജിന്റെ ഭാഗത്തുനിന്നാണ് തീ പടർന്നതെങ്കിലും കാരണം വ്യക്തമല്ല.
40 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് വിവരം. പ്രദേശവാസികളും വഴിയാത്രക്കാരും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണമായും കത്തിനശിച്ചു. പരിക്കേറ്റവരെ കർണൂലിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.